Saturday, June 25, 2011

കൊല്ലപ്പരീക്ഷ




വെളുത്ത നോട്ടു പുസ്തകത്തില്‍
വടിവൊത്ത അക്ഷരത്തില്‍
ജീവിക്കണം
ഇല്ലെങ്കില്‍
പാസ് മാര്‍ക്കില്ലെന്ന്
മാഷന്‍മാര്‍
തരം തരം
ചെവിവട്ടം


എന്നിട്ടും
നെറികേട്
നല്ല കുപ്പായമിട്ട്
മുന്നില്‍ പെട്ടാല്‍
 തൊണ്ടക്കുഴിയില്‍
രാസപ്രവര്‍ത്തനം
ഒച്ച പൊന്തുന്നു മാഷേ
അക്ഷരം തെറ്റി
മാര്‍ജിന്‍ കടക്കുന്നു


നിലം പറ്റുന്ന
നിസ്സഹായ ജീവികള്‍
നിലവിളിക്കുമ്പോള്‍
പേമാരി പൊട്ടുന്നു
ശ്രദ്ധ പാളുന്നു മാഷേ
പുസ്തകം നനയുന്നു


ലാഭമെന്നെഴുതുമ്പോള്‍
നഷ്ടപ്പെട്ടവരെയോര്‍ത്ത്
ഉള്ളു കരയുന്നു
മേല്‍ വിറക്കുന്നു മാഷേ
മഷി പടരുന്നു


ഓണസമൃദ്ധി
ഒരുപുറത്തില്‍
ഉപന്യസിക്കുമ്പോള്‍
ചോറുകാണാതെ
പേപിടിച്ചവര്‍ പ്രാകുന്നു മാഷേ
നെഞ്ചുകത്തുന്നു
താളു കരിയുന്നു


മാഷേ
ഞാന്‍ തോല്‍ക്കുമോ

Sunday, March 13, 2011

ഇറക്കം




മരണം ഒരു ഇറങ്ങിപോക്കാണ് .


ചിലര്‍.... 

മുറിയുടെ വാതില്‍
ഉറക്കെ വലിച്ചടച്ചു
കനപ്പെട്ടു നമുക്കു മുന്നിലൂടെ ഇറങ്ങുന്നു
തിരിഞ്ഞു നോക്കാതെ തിളച്ചു നടക്കുന്നു
തളളിത്തുറക്കാനാവാത്ത
അവരുടെ മുറി ചുറ്റി
അന്ന് മുതല്‍ നാം നടന്നു തുടങ്ങുന്നു
ഭിത്തിയുടെ ഉറുമ്പ്‌ ദ്വാരങ്ങളിലൂടെ
പാര്‍ത്ത് നോക്കുന്നു
കടലോളം കണ്ടെന്നു
പറഞ്ഞു രമിക്കുന്നു .....


മറ്റു ചിലര്‍..... 

മുഴുമിക്കാനാവാത്ത്തൊരു നോട്ടം
മിഴിയില്‍ കൊളുത്തിവച്ച്
മെല്ലെ മുറി വിട്ടിരങ്ങുന്നു
ചെരുപ്പില്ലെന്നു പരാതി പറഞ്ഞു
ഇടവഴി മുള്ളില്‍ ഇടറി നടക്കുന്നു
പാതി ചാരിയ അവരുടെ മുറിയിലേക്ക്
നാം തിക്കിത്തിരക്കുന്നു
അഴിച്ചിട്ട കുപ്പായങ്ങളില്‍ കണ്ണീര്‍ തുടക്കുന്നു
വലിച്ചിട്ട പുസ്തകങ്ങളില്‍ പൂവ് വരയ്ക്കുന്നു
കട്ടിലില്‍ കിടന്നു കവിത പാടുന്നു...
മടുക്കുമ്പോള്‍
ഇടിച്ചു നിരത്തി ഇഷ്ടത്തിന് പണിത്തെടുക്കുന്നു
നിത്യ വിസ്മ്രിതിക്കു കോഴ്സ് തുടങ്ങുന്നു.....


ഇനിയും ചിലര്‍....

അകത്ത്‌ആളുണ്ടെന്നു എഴുതി തൂക്കി
ഉള്ളിലെ മൌനത്തിലേക്ക് ഇറങ്ങുന്നു
വാതില്‍ തുറക്കുന്നതും കാത്തു നാം
കഥയറിയാതെ കണക്കു കൂട്ടുന്നു
ഒരു നാള്‍ സ്വയം തുറന്നു
വാതില്‍ നമ്മെ ആട്ടുന്നു ........


Saturday, March 12, 2011

എത്രയിങ്ങനെ




എത്രയിങ്ങനെ 


ഒരുമിച്ച് നാം കൊണ്ട
കാറ്റൊക്കെ
കുന്നിറങ്ങിപ്പോയി
നാം ചേര്‍ന്ന
തണുപ്പാകെ
വെയിലു കൊയ്തു പോയി


എത്രയിങ്ങനെ


മരിച്ചവന്റെ മൌനം പോലെ
നിന്റെ മുടിയിഴകള്‍
ചരുവിലെ കൊന്നക്കാട്
താഴത്തെ തെങ്ങോലത്തിരക്ക്
നമ്മുടെ മിഴിപ്പീലികള്‍


എത്രയിങ്ങനെ


ശവപ്പറമ്പിലെ
മീസാന്‍കല്ലുകള്‍ക്ക്
ഇതിലേറെ ഇലയനക്കമുണ്ട്


നമ്മെ പൊതിഞ്ഞ്
നമ്മെ ബാക്കിയാക്കി
നമുക്കിടയിലൂടെ
ചാലിട്ടു പോവുന്ന
കാറ്റിന്റെ പുഴയെക്കുറിച്ച്
എന്റെ സ്വപ്നം


എത്രയിങ്ങനെ


നിന്റെ ഹൃദയം
ഒരു കാറ്റിനെ പോലും
പ്രസവിക്കുന്നില്ലല്ലോ


കടന്നു പോയ
പഴയ കാറ്റിലേതെങ്കിലും
നമുക്കായ്
കുന്നു കയറുമെന്ന്
ഇലക്കാടിന്റെ
നുണക്കഥ