Saturday, March 12, 2011

എത്രയിങ്ങനെ




എത്രയിങ്ങനെ 


ഒരുമിച്ച് നാം കൊണ്ട
കാറ്റൊക്കെ
കുന്നിറങ്ങിപ്പോയി
നാം ചേര്‍ന്ന
തണുപ്പാകെ
വെയിലു കൊയ്തു പോയി


എത്രയിങ്ങനെ


മരിച്ചവന്റെ മൌനം പോലെ
നിന്റെ മുടിയിഴകള്‍
ചരുവിലെ കൊന്നക്കാട്
താഴത്തെ തെങ്ങോലത്തിരക്ക്
നമ്മുടെ മിഴിപ്പീലികള്‍


എത്രയിങ്ങനെ


ശവപ്പറമ്പിലെ
മീസാന്‍കല്ലുകള്‍ക്ക്
ഇതിലേറെ ഇലയനക്കമുണ്ട്


നമ്മെ പൊതിഞ്ഞ്
നമ്മെ ബാക്കിയാക്കി
നമുക്കിടയിലൂടെ
ചാലിട്ടു പോവുന്ന
കാറ്റിന്റെ പുഴയെക്കുറിച്ച്
എന്റെ സ്വപ്നം


എത്രയിങ്ങനെ


നിന്റെ ഹൃദയം
ഒരു കാറ്റിനെ പോലും
പ്രസവിക്കുന്നില്ലല്ലോ


കടന്നു പോയ
പഴയ കാറ്റിലേതെങ്കിലും
നമുക്കായ്
കുന്നു കയറുമെന്ന്
ഇലക്കാടിന്റെ
നുണക്കഥ

1 comment:

  1. കടന്നു പോയ പഴയ കാറ്റിലേതെങ്കിലും
    നമുക്കായ്കുന്നു കയറുമെന്ന്...

    ReplyDelete