Friday, June 25, 2010

ന്തൂട്ട്

ന്നലെ
അര്‍ദ്ധരാത്യ്രാന്ന്
തോന്നണൂ


സ്വപ്നത്തിന്റെ കഥ കഴിഞ്ഞു


അങ്ങട്ട് കത്തി തീരേര്‍ന്നൂ
 എന്തൂട്ടാ പറയാ
പ്രതീക്ഷകള്
വ്ടൊക്കെ
ചുറ്റിപ്പറ്റി നില്‍ക്കണ്ണ്ട്


ശവദാഹം കഴിഞ്ഞാ
അപ്പ അവരും പുവ്വും
പിന്നെ
ഇരുട്ടണ്


ഇര്ട്ട്ന്ന് പറഞ്ഞാ
നൊമ്മടെ കറത്ത ഹല്‍വ പോലെ
അദില് കുടങ്ങ്യ ഉറുമ്പു പോലെ
ഇര്ട്ടിന്റെ കള്യാണ്


നീ വരണ്ണ്ടെങ്കി
നടക്കല്‍ നിന്ന്
ഒന്ന് കൂവ്വണം
കാണാന്‍ വയ്യാത്ത
കറമ്പന്‍ നായെണ്ട്
അത് നെന്റെ കാര്യം നോക്കിക്കോളും


എന്റെ കാര്യാ
ന്തൂട്ട് പറയാനാ ചങ്ങാതീ
ഇരുട്ടണ്

വാക്കുവേട്ട

ചുളി വീഴാതെ
ഇന്‍സേര്‍ട്ട് ചെയ്ത്
ചിരിക്കുന്ന വാക്കുകള്‍
എന്റെ മൂര്‍ധാവ് ചതക്കുന്നു.


മാത്രയോരോന്നിലും
പരമസ്വാതന്ത്യ്രം മന്ത്രിച്ച്
ചങ്ങല മുറുക്കുന്നു


സുഖം തിന്ന് ചീര്‍ത്ത്
എന്റെ ചോറ്റുപൊതി കീറുന്നു
പ്രാതലു മുട്ടിച്ച്
എന്റെ പ്രാണനെടുക്കുന്നു


മുഴുത്ത സംഖ്യകളുടെ
വയേറിയക്കണക്കില്‍
എന്റെ ഭിക്ഷ
മറന്നുവെക്കുന്നു


പാര്‍ത്തു നോക്കി
ആത്മാര്‍ഥതക്ക്
വിലയിട്ടു കളിക്കുന്നു


കൂട്ടുചേരുന്നെന്ന്
കുറ്റം ചുമത്താന്‍
കൂട്ടു ചേരുന്നു ഒറ്റയാക്കുന്നു


മിഴി ചിമ്മിയതിന്
പിഴ ചുമത്തുന്നു
സ്വപ്നം കണ്ടതിന്
കപ്പം ചോദിക്കുന്നു


ഉച്ചിയില്‍
ചുളി വീഴാതെ ഇന്‍സേര്‍ട്ട് ചെയ്ത്
ചിരിക്കുന്ന
വാക്കുകള്‍
വാക്കുകള്‍
വിലകെട്ട വാക്കിന്‍
വിഴുപ്പുകള്‍


വിപ്ലവം
ഈ വസന്തത്തില്‍ പിറക്കണം
വേഷം മാറിയ
വാക്കുകൂട്ടങ്ങളെ
വെടിവെച്ചിടാന്‍

Tuesday, June 22, 2010


പേക്കനവ്

കുട്ടിക്കാലം തൊട്ട്
കൂടെ പതുങ്ങുന്ന
പേക്കനവ്
ഞാനൊറ്റയാവുന്ന
മണലാരണ്യം
ചുഴിയിട്ടു പതയുന്ന
അനന്തത


ചിലനേരം
കാറ്റ്
മുറ്റം നടവഴി
ഇടനാഴി
കഥ പൂക്കുന്ന പാറക്കുന്ന്
പള്ളിക്കൂടം
തെരുവ്
പിന്നെ ഞാനും


കാഴ്ചക്കൊരാളില്ലാതെ
പറയാനാവാതെ
കരയാനാവാതെ
ശൂന്യനായി
ബഹളങ്ങള്‍ മരിച്ച
ശ്മശാനത്തില്‍
ഒറ്റയില്‍ നീറുക


കുട്ടിക്കാലം തൊട്ട്
രാവുതീക്കൂട്ടുന്ന
പേക്കനവ്


ഇന്നിത് കാര്യമായാലും
വേവലാതിയില്ല
നിന്റെ ഓര്‍മ മതി
ഞാന്‍ ആള്‍ക്കൂട്ടമാവും
തീറെഴുത്ത്
എന്നെ വറ്റിച്ച്
നിന്നെ സമുദ്രമാക്കും


എന്നെ കെടുത്തി
നിന്നെ വെളിച്ചമാക്കും


എന്നെ വലിച്ചെറിഞ്ഞ്
നിന്നെ വിലപ്പെട്ടതാക്കും


എന്നെ മറന്നുവെച്ച്
നിന്നെ നിത്യതയാക്കും




എന്നെ വിലാപമാക്കി
നിനക്ക് ഈണം തരും


എന്റെ വേവു വിറ്റ്
നിനക് വീഞ്ഞു തരും


എന്റെ ചോര പിഴിഞ്ഞ്
നിനക്ക് സ്വപ്നം തരും


എന്റെ ആത്മാവുരുക്കി
നിനക്ക് പ്രണയം തരും


ഞാനായതെല്ലാം
ഞാനായതെല്ലാം
നിനക്ക് തീറ്


എന്നാലും
അറിയരുത്
അന്വേഷിക്കരുത്
ഓര്‍ക്കരുത്