മരണം ഒരു ഇറങ്ങിപോക്കാണ് .
ചിലര്‍....
മുറിയുടെ വാതില്‍
ഉറക്കെ വലിച്ചടച്ചു
കനപ്പെട്ടു നമുക്കു മുന്നിലൂടെ ഇറങ്ങുന്നു
തിരിഞ്ഞു നോക്കാതെ തിളച്ചു നടക്കുന്നു
തളളിത്തുറക്കാനാവാത്ത
അവരുടെ മുറി ചുറ്റി
അന്ന് മുതല്‍ നാം നടന്നു തുടങ്ങുന്നു
ഭിത്തിയുടെ ഉറുമ്പ് ദ്വാരങ്ങളിലൂടെ
പാര്‍ത്ത് നോക്കുന്നു
കടലോളം കണ്ടെന്നു
പറഞ്ഞു രമിക്കുന്നു .....
മറ്റു ചിലര്‍.....
മുഴുമിക്കാനാവാത്ത്തൊരു നോട്ടം
മിഴിയില്‍ കൊളുത്തിവച്ച്
മെല്ലെ മുറി വിട്ടിരങ്ങുന്നു
ചെരുപ്പില്ലെന്നു പരാതി പറഞ്ഞു
ഇടവഴി മുള്ളില്‍ ഇടറി നടക്കുന്നു
പാതി ചാരിയ അവരുടെ മുറിയിലേക്ക്
നാം തിക്കിത്തിരക്കുന്നു
അഴിച്ചിട്ട കുപ്പായങ്ങളില്‍ കണ്ണീര്‍ തുടക്കുന്നു
വലിച്ചിട്ട പുസ്തകങ്ങളില്‍ പൂവ് വരയ്ക്കുന്നു
കട്ടിലില്‍ കിടന്നു കവിത പാടുന്നു...
മടുക്കുമ്പോള്‍
ഇടിച്ചു നിരത്തി ഇഷ്ടത്തിന് പണിത്തെടുക്കുന്നു
നിത്യ വിസ്മ്രിതിക്കു കോഴ്സ് തുടങ്ങുന്നു.....
ഇനിയും ചിലര്‍....
അകത്ത്‌ആളുണ്ടെന്നു എഴുതി തൂക്കി
ഉള്ളിലെ മൌനത്തിലേക്ക് ഇറങ്ങുന്നു
വാതില്‍ തുറക്കുന്നതും കാത്തു നാം
കഥയറിയാതെ കണക്കു കൂട്ടുന്നു
ഒരു നാള്‍ സ്വയം തുറന്നു
വാതില്‍ നമ്മെ ആട്ടുന്നു ........